കോമഡി റിയാലിറ്റി ഷോ ‘തകർപ്പൻ കോമഡി’ മഴവിൽ മനോരമയിൽ


മലയാളം ടെലിവിഷന്‍ ഹാസ്യ ചരിത്രത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ സിനിമാസ്പൂഫ് കോമഡി റിയാലിറ്റി ഷോ ‘തകർപ്പൻ കോമഡി’ മഴവിൽ മനോരമയിൽ ആരംഭിച്ചു . വിഖ്യാതമായ സിനിമകളുടെ മുഴുനീള സ്പൂഫുകൾക്കൊപ്പം സ്കിറ്റ്, വൺ മാൻ ഷോ, ടാസ്ക്ക്, ഗെയിംസ് എന്നിവ കോർത്തിണക്കിയ ഒരു സമ്പൂർണ്ണ കോമഡി വിരുന്നാണ് ‘തകർപ്പൻ കോമഡി’. മലയാളത്തിലെ മുൻനിര സീരിയൽ താരങ്ങൾ അണിനിരക്കുന്ന പരിപാടിയിൽ അവരോട് കൊമ്പുകോർക്കാൻ ഹാസ്യസാമ്രാട്ടുകളും എത്തുന്നു.

മഴവിൽ മനോരമയിലെ ‘മാനസവീണ’, ‘വിവാഹിത’ എന്നീ ജനപ്രീയ പരമ്പരയിലെ നായികയായിരുന്ന സ്റ്റെഫി ലിയോൺ ആണ് അവതാരക. ആത്മസഖിയിലെ നായകൻ റെയ്ജൻ, ചിലങ്ക, സ്ത്രീപദം സീരിയലിലെ ജനപ്രീയ താര ജോഡി ഷെല്ലി-വിഷ്ണു പ്രസാദ്, ‘നോക്കെത്താ ദൂരത്തി’ലെ നായിക ഗോപിക, ‘പ്രണയിനി’യിലെ ശ്രുതിബാലാ എന്നിവർക്കൊപ്പം മിനിസ്ക്രീൻ താരങ്ങളായ കിഷോർ, ശ്രുതിലക്ഷ്മി, ഷിബു ലബാൻ, അൻഷിത എന്നിവരും ചിരിയുടെ രസക്കൂട്ട് തീർക്കാൻ തകർപ്പൻ കോമഡിയിലെത്തുന്നു.

പ്രശസ്ത ഹാസ്യതാരങ്ങളായ ഉല്ലാസ് പന്തളം ബിനു അടിമാലി, തങ്കച്ചൻ വിതുര, ഹരിശ്രീ യുസഫ് എന്നിവരുടെ നേതൃത്വത്തിൽ നൂറിലധികം മിമിക്രി താരങ്ങളും പരിപാടിയിൽ മാറ്റുരയ്ക്കും. ചിരിയുടെ തട്ടുപൊളിപ്പൻ പൊടിപൂരം ‘തകര്‍പ്പന്‍ കോമഡി’ എല്ലാ ശനിയും ഞായറും രാത്രി 9 മണിക്ക് മഴവില്‍ മനോരമയില്‍.

Leave a Reply

Your email address will not be published. Required fields are marked *

WP Facebook Auto Publish Powered By : XYZScripts.com